7.6.10

കല്ല്യാണറാഗിങ്ങ് സമാപനം


                       നമ്മുടെ ഗ്രാമത്തിൽ എവിടെയുണ്ടോ കല്ല്യാണം? അവിടെയെത്തും ‘ഒടിയൻ‌മനോജ്’ എന്ന് പൊതുജനം ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്ന വെറും ‘മനോജ്’.
കല്ല്യാണം ആരുടേതായാലും, ‘ജാതി മത പാർട്ടി’ പരിഗണന കൂടാതെ ‘ക്ഷണിച്ചാലും ഇല്ലെങ്കിലും’ കല്ല്യാണവീടുകളിൽ അവൻ വരും. വീട്ടുകാരെ കഴിവതും സഹായിച്ച്; കലാപപരിപാടികൾ അരങ്ങേറുന്നതോടൊപ്പം കല്ല്യാണം ‘അടിപൊളി’യാക്കും.

                      ആയതിനാൽ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നവരുടെ മനസ്സിൽ എല്ലായിപ്പോഴും ഉയരുന്നത്, ഒടിയൻ എന്നറിയപ്പെടുന്ന മനോജിന്റെ രൂപമായിരിക്കും. അവനോട് എതിർത്ത് നിൽക്കാൻ ശേഷിയില്ലാത്ത നാട്ടുകാർ അവന്റെ ആവശ്യങ്ങൾ കുപ്പികളിൽ നിറച്ച് കൊടുത്ത് അവനെ സോപ്പിടാറാണ് പതിവ്. അങ്ങനെ സോപ്പിട്ടാൽ, താലിപ്പന്തൽ റാഗിങ്ങിൽ കുറവുണ്ടായാലും മണിയറ റാഗിങ് നടത്തി, ആദ്യരാത്രി ‘ഭീകരരാത്രിയാക്കുന്ന’ പരിപാടിയിൽ നിന്ന് മനോജ് ആരെയും ഒഴിവാക്കാറില്ല. ഭാവിയിൽ വിവാഹിതനാവുന്ന സമയത്ത് ഇതുപോലുള്ള ഒരു റാഗിങ്, പലിശസഹിതം തിരിച്ചുകിട്ടുമെന്ന് അവിവാഹിതനായ മനോജിന് നന്നായി അറിയാം.

മനോജ് നടത്തുന്ന കല്ല്യാണറാഗിങ്, പല ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്.
  1. കല്ല്യാണത്തലേന്ന്,
  2. കല്ല്യാണപിറ്റേന്ന്,
  3. പുറപ്പെടാൻ നേരം,
  4. താലികെട്ട്,
  5. സദ്യ,
  6. മടക്കയാത്ര,
  7. വീട്ടിലെ സ്വീകരണം,
  8. ആദ്യരാത്രി,

                       ചെറുക്കന്റെ കൂട്ടുകാർ എല്ലാവരും എല്ലായിനം റാഗിങ്ങിലും പങ്കെടുത്തെന്ന് വരില്ല. എന്നാൽ നമ്മുടെ മനോജിനെപ്പോലെയുള്ള ചിലർ കല്ല്യാണ റാഗിങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ കല്ല്യാണവീട്ടിലും നിറഞ്ഞ് തുളുമ്പും. ക്ഷണിക്കാത്ത വീടുകളാണെങ്കിൽ റാഗിങ് പരിധി വിട്ട് പുറത്ത് കടക്കും. നാട്ടിലുള്ള ഏത് കല്ല്യാണവീടായാലും അവിടെ ഇഷ്ടം പോലെ മദ്യം ഒഴുകിയിരിക്കണം എന്നാണ് അലിഖിത നിയമം. അതിനാൽ കുടിയന്മാർക്കെല്ലാം സുവർണ്ണാവസരം കൂടിയാണ് ഈ വിവാഹസീസൺ.

                       സാധാരണ നമ്മുടെ ഗ്രാമത്തിൽ ഒരു കല്ല്യാണം നടത്താൻ വലിയ ചെലവൊന്നും ഇല്ല; പെണ്ണിന് പൊന്ന് കരുതിയിരിക്കണം എന്ന് മാത്രം. അതാവട്ടെ വരന്റെ വീട്ടുകാർ കണക്കൊന്നും ചോദിക്കുകയില്ല. ചോദിച്ചാൽ മറുപടി കിട്ടുന്നത് നേരെയായിരിക്കില്ല. ആണിനാണെങ്കിൽ ഒരു താലിച്ചെയിൻ; അത് നൽകേണ്ടത് അളിയന്റെ കടമ. പിന്നെ എല്ലാം പരസ്പര സഹായം. വീട് പെയിന്റ് അടിക്കുന്നതു മുതൽ സദ്യയുടെ പാത്രങ്ങൾ കഴുകുന്നത് വരെ ഈ പരസ്പര സഹായം നിലനിൽക്കും. ഇങ്ങനെയുള്ള പെയിന്റടിക്കിടയിൽ ‘പയിന്റും അടിക്കുന്നതിനാൽ’, സഹായിക്കുന്നവരുടെ ആവശ്യങ്ങൾ കല്ല്യാണ വീട്ടുകാർ നിറവേറ്റുകയും ചെയ്യും.

                       പിന്നെ സ്ത്രീധനം; അങ്ങനെ ഒരു എർപ്പാടിനെപറ്റി സിനിമയിലും സീരിയലിലും കേട്ട അറിവുമാത്രം. പെണ്ണ് കെട്ടാച്ചരക്കായി മൂലക്കിരുന്നാലും പണത്തിനും പൊന്നിനും ചോദിക്കുന്നവന് നമ്മുടെ ഗ്രാമവാസികൾ പെണ്ണിനെ കൊടുക്കില്ല. അതുകൊണ്ട് ഭാവിയിൽ പെണ്ണിന്റെ വീട്ടിൽ‌നിന്ന് ‘നല്ല ഷെയറ്’ കിട്ടാൻ വകയുണ്ടോ എന്ന് പുറം വാതിലിലൂടെ ചിലർ അന്വേഷിച്ചെന്നിരിക്കും.

,,,
                       നാളെ മനോജിന്റെ ഉറ്റ സുഹൃത്ത് ആയ ഗൾഫുകാരൻ ‘മത്തി മത്തായി’യുടെ കല്ല്യാണമാണ്. അച്ഛനും അമ്മയും ഇട്ട പേര് ജയകുമാർ എന്നാണെങ്കിലും കൂട്ടുകാർ അവനെ ‘മത്തി മത്തായി’ എന്ന് പേരിട്ടു. അത് ചുരുങ്ങി വെറും ‘മത്തി’യും ‘മത്തായി’യും ആയി നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നു. ഓട്ടോഡ്രൈവറായിരുന്ന ജയകുമാർ ഗൾഫിൽ പോയി അഞ്ച് കൊല്ലം കൊണ്ട് വലിയ വീട്, കാറ്, നാല് ഓട്ടോ, രണ്ട് പലചരക്ക് കട എന്നിവ സ്വന്തമാക്കിയതിനാൽ വധു ടീച്ചറാണ്. അദ്ധ്യാപക ദമ്പതികളുടെ ഏക മകൾ; സുന്ദരി+സുശീല.

                      നാട്ടുകാരുടെ സഹായത്താൽ നടത്തുന്ന വിവാഹമല്ലെ; അതുകൊണ്ട് ഗ്രാമത്തിലെ മറ്റുവീട്ടുകാർ ഏതാനും ദിവസം സ്വന്തം അടുക്കള അടച്ചുപൂട്ടി കുടുംബസമേതം കല്ല്യാണവീട്ടിൽ ഹാജരാവും. ഒടിയനും പാർട്ടിയുമാണെങ്കിൽ ഒരാഴ്ച മുൻപെ മദ്യം ശേഖരിക്കാൻ തുടങ്ങി. മത്തായിയുടെ പണം പൊടിച്ച് ജില്ലയുടെ അതിർത്തിയിൽ നിന്ന് ലോഡുകളായി കൊണ്ടുവന്ന കുപ്പികൾ അവർക്ക് മാത്രം അറിയുന്ന, കുന്നിൻ മുകളിലെ മരച്ചുവട്ടിൽ കുഴിച്ചിട്ടു.          
                       പിന്നെ കല്ല്യാണ പർച്ചെയ്സിന്റെ ഓരോ ഘട്ടത്തിലും ‘ഒടിയൻ‌പാർട്ടിയെ’ ബാറിൽകയറ്റി നാലുകാലിൽ ഇറക്കിക്കൊണ്ടുവരാൻ ജയകുമാർ മറന്നില്ല. മറന്നാൽ വിവാഹവും വിവാഹമോചനവും ഒരേ പന്തലിൽ നടക്കുമെന്ന് ഗൾഫിൽ പോകുന്നതിനുമുൻപ് നാട്ടിലെ കല്ല്യാണങ്ങളിൽ പങ്കെടുത്ത് റാഗിങ് വീരനായി മാറിയിട്ടുള്ള മത്തായിക്ക് നന്നായി അറിയാം.

                       വിവാഹത്തിന്റെ തലേദിവസം രാവിലെ മുതൽ കുപ്പികൾ ഹാജരായി. പാട്ടും ഡാൻസും പൊടിപൊടിച്ചു. വീഡിയോക്കാരുടെയും ഫോട്ടോഗ്രാഫർമാരുടെയും മുന്നിൽ പലതരം ചാരായക്കുപ്പികൾ പോസ്‌ചെയ്തു. വീട്ടിൽ വരുന്ന ബന്ധുക്കളെ സ്വീകരിക്കാൻ മുന്നിൽ വന്നത് സുഹൃത്തുക്കൾ തന്നെ; സ്വീകരിച്ചത് ചൊറിയുന്ന പച്ചിലവള്ളികൾ കെട്ടിയുണ്ടാക്കിയ മാലചാർത്തിയിട്ടാണെന്ന് മാത്രം. ഒപ്പം നവവരന്റെ ഗുണങ്ങൾ വാഴ്ത്തിയിട്ടുള്ള ‘മത്തി മത്തായി സുവിശേഷം’ നോട്ടീസ് വിതരണവും നടന്നു.
അന്ന്‌ രാത്രി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കാരണം ഒടിയന് ബോധം ഉണ്ടായിരുന്നില്ല.

മത്തി മത്തായി എന്ന ജയകുമാറിന്റെ വിവാഹസുദിനം പുലർന്നു,
                       രാവിലെ ഉറക്കമുണർന്നവർ കണ്ടത് തൂങ്ങിയാടുന്ന അനേകം ‘മത്തികൾ’കൊണ്ട് അലങ്കരിച്ച കല്ല്യാണ വീടാണ്. താറിട്ട റോഡിൽ നിറയെ വധൂവരന്മാരുടെ മത്സ്യരൂപത്തിലുള്ള ചിത്രങ്ങൾ, ഒപ്പം ആശംസകളും. ‘നവവധുക്കളായ മത്തിക്കും മത്തിപ്പെണ്ണിനും ആശംസകൾ’. അതേ പോലുള്ള ആശംസകൾ ഫ്ലക്സ്‌ബോർഡിൽ തീർത്തത് വീടിനെ അലങ്കരിച്ച് സ്വാഗതമേന്തി മുന്നിൽ നിറഞ്ഞു നിന്നു.

                      കല്ല്യാണദിവസം രാവിലെ വരനെ ഒരുക്കുന്നത് സുഹൃത്തുക്കളുടെ ജന്മാവകാശമാണ്. അവർ നന്നായി ഒരുക്കി; ‘പല നിറത്തിൽ ചായങ്ങൾ പൂശി, ‘ഈ പറക്കും തളിക’ മോഡൽ കോമാളിയാക്കി മാറ്റിയ വരനെകണ്ട് വീട്ടുകാരും നാട്ടുകാരും അമ്പരന്നു’.
സുഹൃത്തുക്കളല്ലെ, അവർക്കെന്തും ആവാമല്ലൊ.

                      വരനും പാർട്ടിയും വധുവിന്റെ ഗൃഹത്തിലേക്ക് പുറപ്പെടാൻ ആരംഭിച്ചു. അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി പുറത്തിറങ്ങവെ പെട്ടെന്നുയർന്ന കൂട്ടക്കരച്ചിൽ കേട്ട് എല്ലാവരും ഒന്നിച്ച് ഞെട്ടി. മാറത്തടിച്ചും തലയിൽ കൈവെച്ചും നിർത്താതെയുള്ള കരച്ചിൽ,
“അയ്യോ എന്റെ പൊന്നുമോൻ പോയേ,
ഒരു പെണ്ണിനെ കെട്ടാൻ പോണുണ്ടേ;
എന്റെ മോൻ കൈവിട്ടു പോയേ
എനിക്കാരും ഇല്ലാതായേ”
മനോജും കൂട്ടരും ചേർന്ന് കല്ല്യാണപ്പന്തലിൽ ഇരുന്ന് നെഞ്ചത്തടിച്ച് കരയുകയാണ്, ഒപ്പം ചെണ്ടമേളവും ഉയർന്നു. എന്നാൽ അതെല്ലാം അവഗണിച്ച് കല്ല്യാണപ്പാർട്ടി വധുഗൃഹത്തിലേക്ക് യാത്രയായി.

                       വധുവിന്റെ വീട്ടിലെത്തിയപ്പോൾ നിശ്ബ്ദമായ അന്തരീക്ഷം; അദ്ധ്യാപകരുടെ വീടായതുകൊണ്ടാവണം, ധാരാളം ആളുകൾ അവിടെയുണ്ടെങ്കിലും ഒരു കല്ല്യാണവീടിന്റെതായ ഒച്ചയും ബഹളവും ഇല്ല. ഒടിയനും പാർട്ടിയും കൂടെ വരാത്തതിനാൽ മത്തായി മനസ്സിൽ സന്തോഷിച്ചു.

                       എന്നാൽ ആ സന്തോഷത്തിന് അല്പായുസ്സായിരുന്നു. കല്ല്യാണപ്പെണ്ണ് താലത്തിൽ മാലയും ബൊക്കയുമായി മന്ദം മന്ദം നടന്നുവന്ന് പന്തലിൽ കയറി പലകയിൽ ഇരുന്ന് പൂത്താലം താഴെവെച്ചു. അതേനിമിഷം വീട്ടിനു മുന്നിൽ ഒരു ട്രിപ്പർലോറി വന്ന് അതിൽനിന്നും ഇരുപതോളം പേർ താഴെയിറങ്ങി; അത് ഒടിയനും കൂട്ടരും തന്നെ.
                       ചെണ്ടമേളത്തോടെ പന്തലിൽ കടന്ന അവർ വധു കൊണ്ടുവന്ന മുല്ലപ്പൂമാലയെടുത്ത് പൂക്കൾ അടർത്തി, അതോടൊപ്പം തളികയിലെ അരിയും ചേർത്ത് ചുറ്റും വിതറി.  തുടർന്ന് വരന്റെയും വധുവിന്റെയും കൈയിൽ പച്ചമുളക് ചേർത്ത് കെട്ടിയ മാല നൽകി അന്യോന്യം ചാർത്താൻ പറഞ്ഞു. അതിനിടയിൽ വരന്റെയും വധുവിന്റെയും കാരണവന്മാരിൽ നിന്ന് താലിയും മോതിരവും മനോജ് ഏറ്റുവാങ്ങി ആ ചടങ്ങും നിർവ്വഹിച്ചു. പിന്നെ പാണീഗ്രഹണം ചെയ്ത വധൂവരന്മാരെ ഏഴുതവണ പന്തൽ ചുറ്റിച്ചു. സുഹൃത്തുക്കളുടെ നടപടികളിൽ പ്രതിഷേധിച്ച്, മുതിർന്നവരെല്ലാം പെട്ടെന്ന് പിൻ‌മാറിയത് അവർക്ക് കളിക്കാൻ കൂടുതൽ അനുഗ്രഹമായി. ചെണ്ടമേളവും പടക്കം പൊട്ടിക്കലും ഒത്തുചേർന്നപ്പോൾ കല്ല്യാണം അങ്ങനെ ശരിക്കും ‘അടിപൊളിയായി’. 
      
                ഇതെല്ലാം കണ്ടും കേട്ടും പെൺ‌വീട്ടുകാർ ഞെട്ടി. സുഹൃത്തുക്കളുടെ വലയം ഭേദിച്ച് വധൂവരന്മാരെ സമീപിക്കാൻ വധുവിന്റെ അച്ഛനുപോലും കഴിഞ്ഞില്ല. വരാനുള്ളത് റൊക്കറ്റിൽ കയറിയും വരുമല്ലൊ എന്നോർത്ത് വധുവായ ടീച്ചർ തലയും കുമ്പിട്ട് എല്ലാ പരിഹാസവും അനുഭവിച്ച്‌കൊണ്ട് വരനെ അനുഗമിച്ചു.

                      ഭക്ഷണം കഴിഞ്ഞ് മടക്കയാത്ര ആംഭിച്ചപ്പോൾ അടുത്ത ഘട്ടം റാഗിങ് ആരംഭിച്ചു. പച്ചിലകൾ കൊണ്ട് അലങ്കരിച്ച ഒരു ട്രിപ്പർ ലോറിയിൽ വരനെയും വധുവിനെയും നിർത്തിയപ്പോൾ വെയിലുകൊള്ളാതിരിക്കാൻ കിട്ടിയത് ‘വെറും ഒരു വാഴയില’. ഒപ്പം മൈക്കിലൂടെ ശോകഗാനങ്ങളും കൂട്ടക്കരച്ചിലും ആരംഭിച്ചു. വധൂവരന്മാരുടെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് പടക്കം പൊട്ടിച്ചുകൊണ്ട് ഇരുപതോളം മുച്ചക്ര വണ്ടികളും അതിൽ കൂടുതൽ ഇരുചക്ര വണ്ടികളും പങ്കെടുത്തുള്ള ഘോഷയാത്ര സമീപിക്കുന്നത് കണ്ട് റോഡരികിലെ കടകളെല്ലാം പെട്ടെന്ന്‌തന്നെ അടച്ചു; മറ്റു വാഹനങ്ങൾ ഒന്നും ഓടാതായി.

                       മത്തായിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ എത്തിയപ്പോൾ വധൂവരന്മാരെ വാഹനത്തിൽ നിന്നും ഇറക്കി റോഡിലൂടെ നടത്തിച്ചു. അവരെ നോക്കി കൂവുകയും വെളുത്ത ചോറ് വാരി എറിയുകയും ചെയ്ത്, ചെണ്ടമേളത്തിനൊത്ത് ഡാൻസ്‌ചെയ്യുന്ന സുഹൃത്തുക്കളുടെ പത്മവ്യൂഹത്തിൽ കുടുങ്ങിയ ടീച്ചർ പ്രായപൂർത്തി ആയതിനുശേഷം ആദ്യമായി പൊട്ടിക്കരഞ്ഞപ്പോൾ പാട്ടുകച്ചേരി പൊടിപൊടിച്ചു,
“അപ്പോഴും പറഞ്ഞില്ലെ, കെട്ടണ്ടാ കെട്ടെണ്ടാന്ന്
കെട്ടെണ്ടാ കെട്ടെണ്ടാന്ന്;”
പാടുന്നത് ശരിയായിരുന്നു എന്ന്, ആ വൈകിയ വേളയിൽ ടീച്ചർക്ക് തോന്നാൻ തുടങ്ങി.

                       നവവധുവിനെ സ്വീകരിക്കാൻ വരന്റെ ഗൃഹം കുറച്ചുകൂടി ഭംഗിയായി അലങ്കരിച്ചിരിട്ടുണ്ട്; അതായത് മത്തികളുടെ എണ്ണം കൂടി. വീട്ടിലെത്തിയപ്പോൾ വധുവിന് കുടിക്കാൻ കിട്ടിയത് പാലിനു പകരം നാടൻ കള്ള്. എല്ലാം കലക്കി കഴിഞ്ഞപ്പോൾ ഒടിയനും പാർട്ടിയും പുറത്തേക്ക് പോയത് ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു.

                      സമയം മൂന്ന് മണിയായി. കല്ല്യാണവേഷം അഴിച്ച് വെച്ച് അടുക്കള യൂനിഫോമിലായ വധു ക്ഷീണിച്ച് മണിയറയിൽ ഇരിക്കുകയാണ്. പെട്ടെന്ന് ജയകുമാർ എന്ന നവവരൻ അവിടേക്ക് കടന്നുവന്നു. സമീപമുള്ള ബന്ധുക്കളെ പുറത്താക്കിയ നവവരൻ, നവവധുവിനെ അകത്താക്കിയശേഷം മണിയറവാതിൽ അടച്ചു. അതുകണ്ട് സ്ത്രീകൾ അടക്കം പറഞ്ഞു,
“ആദ്യരാത്രി ഇപ്പൊഴെ തുടങ്ങിയോ? ഈ പകൽ‌സമയത്ത് ഇവനെന്താ ഈ മുറിയില് കാര്യം?”

                     കൃത്യം ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ വരനും വധുവും ഓരോ സ്യൂട്ട്‌കെയ്സുമായി പുറത്തിറങ്ങി മണിയറവാതിൽ അടച്ച് ലോക്ക് ചെയ്തു. അടുത്തനിമിഷം മുറ്റത്ത് ലാന്റ്‌ചെയ്ത ടാക്സിയിൽ കയറുമ്പോൾ ജയകുമാർ ബന്ധുക്കളെ നോക്കി പറഞ്ഞു,
“ആ മനോജും ഫ്രന്റ്സും ചേർന്ന് ഹോട്ടലിൽ ഒരു പാർട്ടി ഏർപ്പാടാക്കിയിട്ടുണ്ട്; ഞങ്ങള് അവിടെപോവുകയാ; വരാൻ വൈകും. ഞാൻ വിളിക്കാം”
ഇതു കേട്ടപ്പോൾ ജയകുമാറിന്റെ അമ്മ പറഞ്ഞു,
“എടാ നിനക്ക് അവന്റെ കൈയീന്ന് കിട്ടിയതൊന്നും മതിയായിട്ടില്ലെ?”
ജയകുമാർ ഉത്തരം പറഞ്ഞില്ല; അവർ നോക്കിയിരിക്കെ ടാക്സിക്കാർ അകലെ എത്തി.

                   സമയം രാത്രി എട്ട് മണിയായി; കല്ല്യാണവീട്ടിൽ സുഹൃത്തുക്കൾ ഓരോരുത്തരായി വന്നുചേർന്നു. വീടിനുചുറ്റും പടക്കങ്ങൾ മാലകളായി കെട്ടുന്ന തിരക്കിലാണ് മനോജ്; അപ്പോഴെക്കും മറ്റൊരാൾ പ്ലാസ്റ്റിക്ക് ബക്കറ്റുകളിൽ ചാണകവെള്ളം റഡിയാക്കി വാഴകൾക്കിടയിൽ ഒളിപ്പിച്ചു.
‘ആദ്യരാത്രി എന്നെന്നും ഓർമ്മിക്കാനായി ആത്മാർത്ഥസുഹൃത്തുക്കൾ എന്തെങ്കിലും ചെയ്യണമല്ലൊ!’

                     എല്ലാം കഴിഞ്ഞ് മണിയറയിൽ സെറ്റ് ചെയ്യാനുള്ള ബലൂണുകളും ഒളിപ്പിക്കാനുള്ള പൊടികളും ഉപകരണങ്ങളുമായി വീടിനകത്ത് പ്രവേശിക്കുന്ന മനോജിനോട് ജയകുമാറിന്റെ അമ്മ ചോദിച്ചു,
“ഇവിടെ പുത്തൻപെണ്ണിനെയും ചെക്കനെയും കാണാൻ എത്രയാൾ വരുന്നതാ? അപ്പോൾ നിങ്ങൾ ജയനെയും ഭാര്യയെയും ഹോട്ടലിൽ ആക്കിയിട്ട് ഇവിടെയെന്തിനാ വരുന്നത്?”
“ഹോട്ടലിലോ? എവിടെ?”
“നിങ്ങളല്ലെ അവരെ ഹോട്ടലിലേക്ക് വിളിച്ചത്?”
“ആര് വിളിക്കാൻ? അവനെവിടെ? മത്തായി?”
“നിങ്ങള് പാർട്ടി നടത്തുന്നെന്ന് പറഞ്ഞാണല്ലൊ അവര് രണ്ടാളും ഇവിടെന്ന് ഇറങ്ങിയത്.”
“അയ്യോ, അമ്മെ അവനിവിടെ നിന്ന് എവിടെ പോകാനാ? നമ്മള് കണ്ടിട്ടില്ല”
“എടാ പട്ടികളെ, എന്റെ മോനെ നിങ്ങളൊക്കെക്കൂടി എന്തോന്നാടാ ചെയ്തത്?”
കാര്യം മനസ്സിലാവാത്ത മനോജ് മത്തായിയെ ഡയൽ ചെയ്തു,
“ദി നമ്പർ യൂ ഡയൽഡ് ഈസ് ഔട്ട് ഓഫ് റേഞ്ച്;”
നവവരനും വധുവും ആദ്യരാത്രി ആഘോഷിക്കാനായി അവരുടെയെല്ലാം പരിധി വിട്ട് പുറത്താണ്!

                        അതോടെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമായി; അത് മുറുകി അടുത്ത ഘട്ടത്തിലേക്ക് കടക്കാറായപ്പോൾ വീട്ടിലെ ഫോൺ റിങ്ങ് ചെയ്തു. അളിയൻ ഫോണെടുത്തു,
“ഹലോ”
“ഇത് ഞാനാണ് ജയകുമാർ ഞങ്ങളിപ്പോൾ പാലക്കാട് എത്താറായി. ആദ്യരാത്രിയിൽ ആരംഭിക്കുന്ന ഞങ്ങളുടെ ഹണീമൂൺ, ഒരാഴ്ച ഊട്ടിയിലാക്കാൻ പെട്ടെന്ന് പ്ലാൻചെയ്തു. എല്ലവരെയും ഏട്ടൻ അറിയിക്കണം, ആ മനോജിനോട് പ്രത്യേകമായി പറയണം”

43 comments:

  1. കണ്ണൂരിലെ ചില സ്ഥലങ്ങളിൽ നടക്കുന്നതാണ് ഈ കല്ല്യാണറേഗിങ്. കൊണ്ടും കൊടുത്തും സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന ഈ മഹത്തായ കല്ല്യാണം കലക്കൽ സുഹൃത്തുക്കളുടെ എണ്ണം കൂടുന്തോറും കൂടിയിരിക്കും. പരസ്പര സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ റാഗിങ് ഇപ്പോൾ പരിധി വിട്ടിരിക്കയാണ്.

    ReplyDelete
  2. ഹൌ!!
    ദെന്തൊരു നാട്!
    കണ്ണൂരിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നറിഞ്ഞത് ഈയടുത്താണ്!
    ഫീകരം!

    ReplyDelete
  3. ടീച്ചറെ,
    ഇതൊരു പുതിയ അനുഭവം.
    ങാ, എന്തെല്ലാം അറിയാനും, കാണാനും ഇരിക്കുന്നു

    ReplyDelete
  4. ഭാഗ്യം തൃശൂരില്‍ ഇങ്ങനത്തെ പോല്ലാപ്പുകലോന്നും ഇല്ല ...പിന്നെയ് ടീച്ചറുടെ കല്യാണത്തിനു ആരെങ്കിലും മൊടയായി വന്നിട്ടുണ്ടോ ....പാവം മാഷേ ആരെങ്കിലും ഫിറ്റാക്കി കിടത്തിയോ ..ഹി..ഹി ചുമ്മആതാണ് കേട്ടോ

    ReplyDelete
  5. കല്യാണം എന്ന് പറഞ്ഞാ ഇങ്ങനെ വേണം പറ്റിയ അബദ്ധം ഒരിക്കലും മറക്കാന്‍ പാടില്ല

    ReplyDelete
  6. ടീച്ചറമ്മേ, ഇങ്ങനെ ഒരു കാര്യം ദേ അടുത്ത് ഞാന്‍ അറിഞ്ഞിരുന്നു. മലബാര്‍ കല്യാണം എന്നും പറഞ്ഞ് ഒരു മെയില്‍. അപ്പൊ ഇതൊക്കെ സത്യാണല്ലേ? ഏതായാലും ഞാന്‍ ആ മെയില്‍ അയച്ചേക്കാം.

    ReplyDelete
  7. ജീവിതത്തീന്റെ എല്ലാ മേഖലകളിലും നമ്മൾ പരിധിക്ക് പുറത്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ദൈവം ഉപേക്ഷിച്ച സ്വന്തം നാട്!

    ReplyDelete
  8. .. മലബാര്‍ സൈഡില്‍ ഇത്തരം സംഭവങ്ങള്‍ പതിവായിരുന്നെങ്കിലും ഇന്നു പരക്കെയില്ലെന്നുതന്നെ പറയാം ... എന്തുതന്നെ ആയാലും ഇതെല്ലാം കടന്ന കൈ തന്നെ ... നിരുപദ്രവകരമായ തമാശയ്ക്കുമപ്പുറം കടക്കുന്ന ഇത്തരം റാഗിംഗുകള്‍ നാട്ടുകാര്‍ ഒന്നിച്ചുതന്നെ എതിര്‍ക്കണമെന്നാണ്‍് എന്റെ അഭിപ്രായം.
    നല്ല അവതരണം ആശംസകള്‍

    ReplyDelete
  9. ചാണകവെള്ളത്തിന്‌ കിനാലൂരിലും കണ്ണൂരിലും വലിയ ഡിമാന്റാണ്‌ അല്ലേ?

    ReplyDelete
  10. കല്യാണം എന്ന് പറയുമ്പോള്‍ കുറച്ചു ഒച്ചയും ബഹളവുമൊക്കെ ആവാം....
    പക്ഷെ... ഇതിച്ചിരി ഒവരായിപ്പോയി...

    ReplyDelete
  11. ടിച്ചറെ,

    നിരുപദ്രവകാരികളായ ചിലത്‌ ഞാനും കണ്ടിട്ടുണ്ട്‌. ഇത്‌ നിങ്ങളുടെ ഗ്രമത്തിന്റെയോ, കണ്ണുരിന്റെയോ, അതിർത്തികളിൽ നിൽക്കില്ല. മലബാറിൽ മൊത്തം ഇന്ന് ഇതുണ്ട്‌.

    പരിധിവിടാത്തിരിക്കാൻ ശ്രമിക്കുക. അത്രതന്നെ.

    ReplyDelete
  12. മലബാര്‍ കല്യാണത്തെ പറ്റി കേട്ടിടുണ്ട് പക്ഷെ ഇത്ര പ്രതീഷിച്ചില്ല...
    ഈ നാടിന്റെ പേരെന്താണ്? അല്ല അവിടന്നു വല്ല കല്യാണ ആലോചനയും വന്നാ നേരത്തെ പറയാലോ , നടകില്ല എന്ന്.

    എഴുത്ത് രസിച്ചു ട്ടോ.

    ReplyDelete
  13. വടക്കെ മലബാറില്‍ കല്യാണത്തിന്‍ ചെറുക്കന്റെ കൂട്ടുകാര്‍ ചെറിയ ചില കുസ്രുതികള്‍ ഒപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മുസ്ലീം വീടുകളിലും ചെറുക്കന്റെ കൂട്ടുകാര്‍ ഇത്തരം വേലത്തരങ്ങള്‍ നടത്താറുണ്ടത്രേ.
    പക്ഷേ, ഇത് ഇച്ചിരി കടന്നുപോയില്ലേ. നിര്‍ദ്ദോഷമായ ചെറിയ കുസ്രുതികല്‍ രസകരമാണെങ്കിലും ഈ ‘ ‘കണ്ണൂര്‍ മോഡല്‍ ‘ കല്യാണറാഗിംങ്ങിനു മൂക്കുകയറിടേണ്ട കാലമായില്ലേ.

    ReplyDelete
  14. അവര്‍ രക്ഷപെട്ടു,ല്ലേ...നന്നായി.

    ReplyDelete
  15. കണ്ണൂരിലെ ചില ഭാഗത്തുള്ള വിവാഹാഭാസത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ഇമ്മാതിരിയാണെന്ന് ഇപ്പോഴാണറിയുന്നത്. ചുരുക്കം ചില പ്രദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ എങ്ങനെയാണ് ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നു നോക്കൂ. ഈ വിഷയത്തില്‍ പോലുമുള്ള നന്മ കാണപ്പെടാതെ പോകുകയും ചെയ്യുന്നു. സ്ത്രീധനരഹിതമായ കണ്ണൂരിലെ കല്യാണത്തെക്കുറിച്ചെനിയ്ക്കറിയാം. ഇന്നത്തെ കേരളീയ അവസ്ഥയില്‍ എത്രയോ ഉന്നതമായ ഒരു ആദര്‍ശമാണത്. എന്നാല്‍ അതു തമസ്കരിക്കപ്പെട്ടു പോകുന്നു.
    അതുപോലെ തന്നെയാണ് രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യവും. മറ്റുരീതിയിലുള്ള കൊള്ളയോ കൊലപാതകമോ ഗുണ്ടാ ആക്രമണമോ കണ്ണുരില്‍ തീരെ കുറവാണ്.
    എന്നാല്‍ ചില പ്രദേശങ്ങളില്‍മാത്രം നടക്കുന്ന വല്ലപ്പോഴുമുള്ള രാഷ്ട്രീയകൊലപാതകം
    പര്‍വതീകരിയ്ക്കപ്പെടുന്നു. അതു പോലും ആത്മബന്ധങ്ങളില്‍ നിന്നുല്‍ഭവിയ്ക്കുന്ന പ്രതികാരമാണു താനും.
    മധ്യ ദക്ഷിണ കേരളത്തെ അപേക്ഷിച്ച് സാംസ്കാരികമായും സാമൂഹ്യമായും എത്രയോ
    ഉയര്‍ന്നവരാണ് കണ്ണൂരിലെ ജനത. കേരളത്തില്‍ ഗ്രാമീണ നിഷ്കളങ്കതയും നിസ്വാര്‍ത്ഥതയും ഇന്നും ഏറ്റവും അധികമുള്ളത് കണ്ണൂരിലാണെന്നു ഞാന്‍ പറയും. കണ്ണൂരില്‍ താമസമെങ്കിലും ഒരു കോട്ടയംകാരനായ, കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ആള്‍ക്കാരുമായി ഇടപഴകിയിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാനിതുറപ്പിച്ചു പറയും. എന്നിട്ടും ചില അവിവേകികളുടെ പ്രവര്‍ത്തി ഒരു നാടിന്റെ നന്മകളെ മറച്ചുകളയുന്നതു കാണുമ്പോള്‍ ദു:ഖം തോന്നുന്നു.

    ReplyDelete
  16. സൊറക്കല്യാണത്തെക്കുറിച്ച് അറിയാം. പക്ഷെ ഈ ചാണകവെള്ളവും മത്തിയുമെല്ലാം കടന്ന കൈ തന്നെയായിപ്പോയി. ഇത്തരം വെറൈറ്റി സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടോ ലവിടെ?!
    ചാണകവെള്ളം ടീച്ചര്‍ ലേഖനത്തില്‍ ഒരല്‍പ്പം അതോശയോക്തി കലര്‍ത്താന്‍ വേണ്ടി ആ ചെടികള്‍ക്കിടയില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചതല്ലേ... :)

    ReplyDelete
  17. "നാട്ടിലുള്ള ഏത് കല്ല്യാണവീടായാലും അവിടെ ഇഷ്ടം പോലെ മദ്യം ഒഴുകിയിരിക്കണം എന്നാണ് അലിഖിത നിയമം"


    കഷ്ടം....... :-(

    ReplyDelete
  18. കല്ല്യാണ റാഗിങ്ങിനെപറ്റി നർമ്മം എഴുതി, പോസ്റ്റ് ചെയ്യുന്നതിനു മുൻപ്‌തന്നെ പ്രതികരണങ്ങളെകുറിച്ച് ചിന്തിച്ചതാണ്. വടക്കെ മലബാറിന്റെ ചില ഭാഗങ്ങളിൽ ചില വീടുകളിൽ മാത്രമാണ് ഇത്തരം ആഭാസങ്ങൾ വിവാഹത്തോടൊപ്പം അരങ്ങേറുന്നത്. കല്ല്യാണവീട്ടിൽ മദ്യസൽക്കാരം ഇല്ലെങ്കിൽ ഇത്തരം ആഭാസങ്ങൾ നടത്താൻ ആളെ കിട്ടില്ല. (ഒപ്പം സഹായത്തിനും ആളെകിട്ടില്ല).
    മറ്റുള്ളവരുടെ വിവാഹങ്ങളിൽ പങ്കെടുത്ത് മദ്യപാനം നടത്തുകയും റാഗിങ്ങ് നടത്തുകയും ചെയ്ത പുരുഷന്, സ്വന്തം കല്ല്യാണം വരുമ്പോൾ അതിൽ നിന്ന് ഒഴിഞ്ഞ്നിൽക്കാനാവില്ല. പിന്നെ ഓഡിറ്റോറിയങ്ങളിൽ സുഹൃത്തുക്കളുടെ സഹായം ഒഴിവാക്കി നടത്തുന്ന വിവാഹങ്ങൾക്ക് ആഭാസങ്ങൾ കുറവാണ്. തലേദിവസം നടത്തുന്ന സൽക്കാരങ്ങൾ ചുരുക്കിയാൽ നന്നാവും. ഇതൊക്കെ നടക്കണമെങ്കിൽ മദ്യപാനികളായ സുഹൃത്തുക്കളെ വെറുപ്പിക്കണമെന്ന് മാത്രം.

    കല്ല്യാണറാഗിങ്ങിനെ കുറിച്ച് അടുത്ത കാലത്ത് പത്രവാർത്തകൾ ധാരാളം വന്നിരുന്നു. ഈ ആഭാസങ്ങൾക്കെതിരായി നാട്ടുകാരുടെ സർവ്വ കക്ഷി മത കൂട്ടായ്മകൾ പല സ്ഥലത്തും നടന്നുവരുന്നുണ്ട്. ഇത്തരം അഭാസം നിറഞ്ഞ വിവാഹങ്ങൾ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും നാല് വർഷം മുൻപ് തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
    ഒരുതുള്ളി മദ്യം പോലും ലഭിക്കില്ലെന്നറിഞ്ഞതിനാൽ എന്റെ വീട്ടിൽ കല്ല്യാണത്തിന് (മക്കളുടെത്) യുവാക്കൾ കുറവായിരുന്നു. അതുപോലെ എന്റെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വിവാഹത്തിന് ആഭാസമൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും സർക്കാർ ജോലിക്കാരാണെന്ന ഒരു പ്രത്യേകത ഇവിടെയുണ്ട്.
    ഈ പോസ്റ്റിൽ പറയുന്നത് വളരെ ചെറിയ ഇനം റാഗിങ് മാത്രമാണ്. ഇതിലും എത്രയോ ഭീകരമായ റാഗിങ് ഉണ്ടായിരുന്നു, എന്ന് ഏതാനും ദിവസം മുൻപുള്ള പത്രത്തിൽ വാർത്തകളായി വന്നിട്ടുണ്ട്.
    കമന്റ് എഴുതിയ എല്ലാവർക്കും നന്ദി. ഓരോ കമന്റിനും പ്രത്യേക മറുപടി അടുത്ത കമന്റായി എഴുതാം. നന്ദി.

    ReplyDelete
  19. jayanEvoor-,
    ആദ്യമൊക്കെ വളരെ ചെറിയ തമാശകൾ മാത്രമായിരുന്നു. അതെല്ലാം കല്ല്യാണത്തിന് പങ്കെടുത്തവർക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നു. അത് ചില വീടുകളിൽ അമിതമായി. അഭിപ്രായത്തിനു നന്ദി.
    റ്റോംസ് കോനുമഠം-, പ്രവീൺ വട്ടപ്പറമ്പത്ത്-,
    അഭിപ്രായത്തിനു നന്ദി.
    എറക്കാടൻ/Erakkadan-,
    ഇതെല്ലാം സംഭവിക്കുന്നത് പുത്തൻ പണത്തോടൊപ്പം പുത്തൻ സുഹൃത്തുക്കൾ വരുമ്പോഴാണ്. പിന്നെ കുപ്പി പൊട്ടിക്കാത്തിടത്ത് ആരെയും കാണില്ല. അഭിപ്രായത്തിനു നന്ദി.
    ഒഴാക്കൻ-,
    അതേതായാലും നന്നായി. അഭിപ്രായത്തിനു നന്ദി.
    ആളവൻ‌താൻ-,
    മെയിൽ വായിച്ചു. അതുപോലെ പത്രവാർത്തകൾ ധാരാളം വന്നിരുന്നു. അടുത്ത കാലത്ത് ഇത്തരം ആഭാസങ്ങൾക്കിടയിൽ ഒരാൾ മരിക്കുകയും ചെയ്തു. അഭിപ്രായത്തിനു നന്ദി.
    അലി-,
    കല്ല്യാണ (ചെറുക്കൻ)വീട്ടുകാർ മര്യാദക്കാരായാൽ ഇങ്ങനെയൊന്നും സംഭവിക്കാറില്ല. അഭിപ്രായത്തിനു നന്ദി.
    മരഞ്ചാടി-,
    നാട്ടുകാരുടെ കൂട്ടായ്മ വന്നിട്ടുണ്ട്. ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചതോടെ പ്രശ്നങ്ങൾ കുറവാണ്. അഭിപ്രായത്തിനു നന്ദി.
    കാക്കര-kaakkara-,
    ചാണകം മാത്രമായിരിക്കില്ല. ഒരിടത്ത് സദ്യയുടെ കൊഴുത്ത കഞ്ഞിവെള്ളം മൊത്തമായി ശേഖരിച്ച് മണിയറയിൽ സ്പ്രേ ചെയ്തു. അഭിപ്രായത്തിനു നന്ദി.
    Naushu-,
    ജെ സി ബി യിലും മാലിന്യങ്ങൾ നിറച്ച വണ്ടിയിലും കയറ്റി വധുവരന്മാരെ കൊണ്ടുവന്നതും വാർത്തകളായി പത്രത്തിൽ വന്നതാണ്. അഭിപ്രായത്തിനു നന്ദി.
    Sulthan|സുൽത്താൻ-,
    അഭിപ്രായത്തിനു നന്ദി.
    വേനൽ‌മഴ-,
    അതൊന്നും പേടിക്കേണ്ട. നല്ല ഡീസന്റ് പയ്യന്മാർ ഇവിടെയുണ്ട്. അഭിപ്രായത്തിനു നന്ദി.
    krish|കൃഷ്-,
    ഇപ്പോൾ മൂക്ക്കയർ ഇട്ടിരിക്കയാ. പിന്നെ വരനെ കുറ്റപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. ഇത്തരം വിവാഹാ‍ഭാസങ്ങൾ ഉള്ള വീടുകളിൽ പലരും പോകാറില്ല. എന്നുവെച്ച് ആളുകൾ കുറയില്ല. അഭിപ്രായത്തിനു നന്ദി.
    poor-me/പാവം-ഞാൻ-, Captain Haddock-,
    അഭിപ്രായത്തിനു നന്ദി.
    ബിജുകുമാർ-,
    വിവാഹിതനാവുന്നവന്റെ സുഹൃത് വലയത്തിന്റെ ആത്മബന്ധം വിളിച്ചറിയിക്കുന്നതാണ് ഈ റാഗിങ്. അല്പം ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. അഭിപ്രായത്തിനു നന്ദി.
    വിനയൻ-,
    ചാണകം പത്രത്തിൽ വന്നതാണ്. അവരൊന്ന് ശുദ്ധമായിക്കോട്ടെ. ഞാൻ കേട്ടറിഞ്ഞത് സദ്യയുടെ കഞ്ഞിവെള്ളം മൊത്തത്തിൽ ശേഖരിച്ച് ഒഴിച്ചു എന്നാണ്. അഭിപ്രായത്തിനു നന്ദി.
    ഷാ-, എല്ലാ കുഴപ്പങ്ങൾക്കും കാരണം മദ്യം തന്നെയാണ്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  20. എന്റമ്മോ ഇതാണൊ കണ്ണൂരിലെ കല്ല്യാണം? സത്യം തന്നെ?
    അപ്പോള്‍ അതായിരുന്നോ ഞങ്ങളുടെ ഒരു കൂട്ടുകാരന്റെ മകളുടെ കല്ല്യാണം, നാട്ടില്‍ വച്ചല്ലാതെ ഇവിടെ വച്ചു നടത്തിയത്

    ReplyDelete
  21. ഹഹ കണ്ണൂരിന്...കുമാരെട്ടന്ടതിനെക്കാള്‍ വൃത്തികെട്ട മറ്റൊരു മുഖമോ :) :)

    ഞാന്‍ ഓടി...ഇവിടെങ്ങും ഇല്ല

    ReplyDelete
  22. ഇത് എന്തൊരു കല്യാണം

    ReplyDelete
  23. അയ്യേ.. നട്ടെല്ലില്ലാത്ത കാരണവന്മാരും ബുദ്ധിയില്ലാത്ത കൂതറ പയ്യന്മാരും.. ഷെയിം ഷെയിം

    ReplyDelete
  24. ടീച്ചറെ... ഒരു പാട് കേട്ടിട്ടുണ്ട്. കണ്ണൂരും വിട്ടു ഇങ്ങു കോഴിക്കോട് ജില്ലയില്‍, വടകര കൊയിലാണ്ടി വരെ എത്തിയിട്ടുണ്ട് ഈ വീരന്മാരുടെ വീര ശൂര പരാക്രമങ്ങള്‍.
    (അനുഭവം ഗുരു) എന്റെ ആത്മാര്‍ത്ഥ സുഹുര്തിനും പറ്റി. എല്ലാവരുടെയും കല്യാണം "അടിപൊളി" ആക്കിയ അവന്റെ കല്യാണം കൂട്ടുകാര്‍ ഗംഭീരമായി അര്മാന്തിച്ചു
    (കഷ്ട കാലം ഞാനും നിശബ്ദനായി നോകി നില്‍കേണ്ടി വന്നു എന്നത് സത്യം, കല്യാണം കൂടാന്‍ ടികെറ്റ് എടുത്തു നാട്ടില്‍ പോയ സമയം)
    ദയനീയമായ അവന്റെ നോട്ടം കണ്ടു ഞാന്‍ പറഞ്ഞു. "ദൈവം ഇപ്പോള്‍ പണ്ടത്തെ പോലെയല്ല. ചെയ്ത തെറ്റിന് സ്പോട്ടില്‍ കൊടുക്കും, പിന്നേക്ക് വെച്ചേക്കില്ല മോനെ"

    ReplyDelete
  25. അത് ശരി അങ്ങിനെയും ഒരു റാഗിംഗ് ഉണ്ടോ...ആദ്യം കേള്‍ക്കുകയാ ഇതൊക്കെ...

    ReplyDelete
  26. ഇതെല്ലാം തലശ്ശേരി, മാഹി വടകര, കൊയിലാണ്ടി മേഖലകളിലാണെന്നു തോന്നുന്നു പതിവ്‌. ഒരു കണ്ണൂര്‍ ജില്ലക്കാരനായിട്ടും ഞാനിതെല്ലാം ആദ്യമായാണു കേള്‍ക്കുന്നത്‌ ഈയിടെ. വിദ്യാഭ്യാസം കിട്ടിയ യുവാക്കള്‍ ഇത്തരം------ത്തരങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കുമെന്നു തോന്നുന്നില്ല. പൊതുവെ ഇവയെല്ലാം വായിക്കുമ്പോള്‍ രണ്ടുമൂന്നു കാര്യങ്ങളാണ്‌ ഉരുത്തിരിഞ്ഞു വരുന്നത്‌. (1)തിരുവിതാംകൂറില്‍ നിന്നും കുടിയേറിയവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇത്തരം അസംബന്ധങ്ങള്‍ ഇല്ല എന്നു തനെ പറയാം, അതുപോലെതന്നെ കൃസ്ത്യന്‍ സമുദായാംഗങ്ങള്‍ കൂടുതല്‍ ഉള്ളിടത്തും, അവര്‍ക്ക്‌ മുകളില്‍ നിന്നും നയിക്കാനും ശാസിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ ഉള്ളതാവാം കാരണം. (2) ഇത്തരം കാര്യങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ തന്നെയാണ്‌ കണ്ണൂരിലെ രാഷ്ട്രീയപ്രശ്നങ്ങളുടെയും കേന്ദ്രങ്ങള്‍. ഏതാണ്ട്‌ ഒരേ സമുദായത്തില്‍ പെട്ടവര്‍ വെറും കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ വെട്ടികൊല്ലുന്നത്‌. (3) മദ്യത്തിന്റെ സ്വാധീനം: മറ്റു വൃത്തികേടുകളിലെന്ന പോലെ ഈ -------തരത്തിന്റെയും കേന്ദ്രസ്ഥാനത്ത്‌ കാണാം. മാഹിയുടെ സാമീപ്യവും മദ്യത്തിന്റെ കുറഞ്ഞ-വില-ലഭ്യതയ്ക്ക്‌ ഒരു കാരണമാവാം. കണ്ണൂരിനു പുറത്തുള്ള പ്രിയസുഹൃത്തുക്കളേ, ഈ -----തരം ജില്ലയിലെ ചില ചെറിയ ഭാഗങ്ങളിലേ ഉള്ളൂ, അക്രമരാഷ്ട്രീയം പോലെ തന്നെ. ഞങ്ങളെ ഒന്നാകെ ദയവായി ലേബല്‍ ചെയ്യാതിരിക്കുക. ഇതേ സ്ഥലങ്ങളിലാണ്‌, ആണുങ്ങള്‍ ഭാര്യമാര്‍ കൂലിപ്പണി ചെയ്തുകൊണ്ടുവരുന്ന കാശു കൈവശപ്പെടുത്തി വൈകുന്നേരം വെള്ളമടിച്ച്‌ വീട്ടില്‍ച്ചെന്ന് അവരെ മര്‍ദ്ദിക്കുന്നത്‌. പകല്‍ മുഴുവന്‍ ഇവര്‍ കവലകളില്‍ ചെന്നു വായ്‌നോക്കി ആണവകരാറിനെക്കുറിച്ചും, അമേരിക്കയുടെ ഇറാന്‍ നയത്തെയും വിശകലനം ചെയ്യും. ഒരു കാര്യം കൂടി: ഇവിടങ്ങളിലെ ആണുങ്ങള്‍ക്ക്‌ പുറത്ത്‌ നിന്ന് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ ഇവിടങ്ങളിലെ സ്ത്രീകളെ പുറത്തുനിന്നുള്ളവര്‍ വിവാഹം ചെയ്യാനും മടിക്കുന്നു. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും കുറഞ്ഞ വില ഭൂമിക്കുള്ളതും ഇവിടെയാവാം.

    ReplyDelete
  27. ആദ്യരാത്രിയില്‍ ഒരു പടക്കമോ.....കുറച്ചു പാട്ടോ , പവര്‍ കട്ട്‌ മുതലായവ ഒക്കെ കണ്ടിട്ടുണ്ട് ..
    ഇത് ഭയങ്കരം ത്തനെ ...
    സ്ത്രിധനതിന്റെ കാര്യം പറഞ്ഞപ്പോഴാണ് , ഞാന്‍ കണ്ണൂര്‍ താമസിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ വീടിനു അടുത്ത് ഒരു ചേച്ചി ഉണ്ടായിരിന്നു,
    വിദ്യാഭ്യാസം കുറവ് , സൗന്ദര്യവും ....അതുകൊണ്ടാവാം വിവാഹം നടന്നിട്ടില്ല ...
    സ്ത്രീധനം ഉണ്ടായിരുനെങ്കില്‍ ?? അപ്പോഴും വിവാഹം ആ ധനത്തോടായിരിക്കും അല്ലെ ? എന്നാലും ???

    ReplyDelete
  28. കല്യാണ റാഗിങിനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിലുമുണ്ട്. ലിങ്ക് താഴെ:

    http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/wedding-article-101926

    ReplyDelete
  29. ഇൻഡ്യാഹെറിറ്റേജ്|Indiaheritage-,
    മകളുടെ കല്ല്യാണം നടത്തുമ്പോൾ പയ്യന് റാഗിങ് നടത്തി ശീലമുണ്ടോ എന്ന് അന്വേഷിച്ചാൽ മതി. അഭിപ്രായത്തിനു നന്ദി.

    കണ്ണനുണ്ണി-,
    ഓടിക്കോ,,, അഭിപ്രായത്തിനു നന്ദി.
    അഭി-,
    അഭിപ്രായത്തിനു നന്ദി.
    കൂതറHashim-,
    നട്ടെല്ലിന്റെ ഒരു കുറവ് ശരിക്കും ഉണ്ട്. അഭിപ്രായത്തിനു നന്ദി.

    sulfikar-,
    ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട്. സ്ക്കൂളിന്റെ മുന്നിലൂടെ വരന്റെ കൂടെ നടക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥിനിയെ, അവളെന്ത് പിഴച്ചു? അഭിപ്രായത്തിനു നന്ദി.

    രഘുനാഥൻ-,
    അടുത്ത കാലത്തായി ഇറങ്ങിയ പത്രവാർത്തകളിൽ ഉണ്ടായിരുന്നു. അഭിപ്രായത്തിനു നന്ദി.

    Anoni Malayali-,
    മലയാളി ആണെങ്കിൽ അനോനി ആവണമെന്നില്ല. ഇതൊരു സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി എനിക്ക് തോന്നുന്നില്ല. ക്രിസ്ത്യൻ സ്മുദായത്തിന്റെ കല്ല്യാണം പള്ളിയിൽ വെച്ച് നടത്തുന്നതു കൊണ്ടാവാം. കാരണം ഓഡിറ്റോറിയങ്ങളിൽ നടത്തുന്ന് വിവാഹങ്ങൾക്ക് ആഭാസങ്ങൽ കുറവാണ്. പിന്നെ ഇത് കണ്ണൂരിലെ കൊലപാതക ഏറിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അടുത്തകാലത്ത് തളിപ്പറമ്പിലെ വിവാഹഘോഷയാത്രയുടെ ഫോട്ടൊ പത്രത്തിൽ വന്നതാണ്. പിന്നെ മദ്യം ലഭിക്കാൻ മാഹിയിൽ തന്നെ പോകണമെന്നില്ല. ഏതാനും ചില സുഹൃത് ബന്ധങ്ങൾ തെറ്റായ പാതയിൽ നീങ്ങിയത് മാത്രമാണ്. അപൂർവ്വമായി കാണുന്ന ഇത്തരം വിവാഹങ്ങൾ നർമ്മത്തിൽ എഴുതുയതാണ്. ഇവിടെ പെണ്ണ് കിട്ടാനും ആണ് കിട്ടാനും ഒരു വിഷമവും ഇല്ല. സ്ത്രീധനം കിട്ടില്ല എന്നേയുള്ളു. ഭൂമിവില ഒരു സെന്റിന് പതിനഞ്ച് ലക്ഷം മതിയോ? ഇവിടെ അടുത്താണ്. അഭിപ്രായത്തിനു നന്ദി.

    Readers Dais-,
    എനിക്ക് അറിയുന്ന എത്രയോ പെൺകുട്ടികൾ അവിവാഹിതരായി കഴിയുന്നുണ്ട്. സ്ത്രീധന പരിപാടി ഉണ്ടായിരുന്നെങ്കിൽ എന്ന് അവരുടെയൊക്കെ രക്ഷിതാക്കൾ ആഗ്രഹിക്കാറുണ്ട്. പിന്നെ ഒരു കാര്യം ചെയ്യും. വീടും സ്ഥലവും അവൾക്ക് കൊടുക്കും എന്ന് രക്ഷിതാക്കൾ പ്രഖ്യാപിക്കും. സ്വന്തമായി വീട് വെക്കാൻ കഴിയാത്തവൻ അവളെ കെട്ടും. പിന്നെ പെൺ‌കുട്ടികൾ ജോലിക്ക് ശ്രമിക്കും. ജോലിയുള്ള പെണ്ണിന് ഡിമാന്റ് കൂടും. അഭിപ്രായത്തിനു നന്ദി.

    krish|കൃഷ്-,
    വായിച്ചു, വായിച്ചു,. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  30. ഇങ്ങിനേയും കല്ല്യാണങ്ങളോ
    ഈ വഷളൻ രീതികൾ മറ്റുള്ളയിടങ്ങളിലേക്കും പടരാതിരുന്നാ മതിയായിരുന്നു..!

    ReplyDelete
  31. ഇത്‌ കുറച്ച്‌ അക്രമം തന്നെയാണല്ലോ ടീച്ചറേ... മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നുവോ ഇന്നത്തെ ജനതയ്ക്ക്‌...?

    ReplyDelete
  32. ഇവനെയൊക്കെ തല്ലാന്‍ ആരുമില്ലാഞ്ഞിട്ടാ ഈ അഹങ്കാരമൊക്കെ കാണിക്കുന്നത്‌... സ്വന്തം കല്യാണം വരുമ്പഴേ ഇവനൊക്കെ മനസ്സിലാകൂ.. പക്ഷെ എന്തു ഫലം അപ്പൊഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടു പോയിട്ടുണ്ടാകും.

    ReplyDelete
  33. ബിലാത്തിപട്ടണം/BILATTHIPATTANAM-, വിനുവേട്ടൻ|vinuvettan-, ദീപക്-, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  34. ടീച്ചറേ, മാതൃഭൂമിയില്‍ ഒരു ആർട്ടിക്കിൾ ഇതിനെകുറിച്ചു വന്നിട്ടുണ്ടു..
    ഒരു തലശ്ശേരി കല്ല്യാണവും കുറേ ആശങ്കകളും Posted on: 06 Jul 2010

    ReplyDelete
  35. If it's right, it's quite horrible and insulting to humanity...
    Isn't it the time to start purgatory actions rather than writing and commenting on it...
    Isn't it shame that these will be registered as a part of local cultural history and our posterity will be laughing at us?!

    ReplyDelete
  36. ടീച്ചറെ ഞാനും ഒരു കണ്ണൂരുകാരനാണ് . പക്ഷെ എന്റെ നാട്ടില്‍ ഒന്നും ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല...

    ReplyDelete
  37. ഇത്തരം റാഗിങ്ങിനെപ്പറ്റി കേട്ടിട്ടുണ്ട്. ഒരിക്കല്‍ ടീവിയില്‍ കണ്ടിരുന്നു. ഏതായാലും ടീച്ചര്‍ നന്നായി വിവരിച്ചു.എന്റെ മക്കളേല്ലാം കല്യാണം കഴിഞ്ഞതു നന്നായി. ഇനി മിന്നു മോള്‍ വലുതായിട്ടു വേണ്ടെ?.ഇപ്പോള്‍ കോഴിക്കോട്ടും ഇതു വന്നെന്നു കേട്ടിരുന്നു.

    ReplyDelete
  38. ടീച്ചർ പ്രൊഫൈലിൽ പറഞ്ഞതു പോലെ കാണുന്ന സംഭവങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതായിരിക്കും ഈ കഥയും(കഥയെന്നു തന്നെ പറയാം അല്ലേ).അന്യ ജില്ലക്കാർക്ക് ഇതിൽ അക്കാരണം കൊണ്ട് തന്നെ അതിശയോക്തിയും, മിനിട്ടീച്ചറായതു കൊണ്ട് ഈ പുളുവടിയും സഹിക്കാം എന്ന ചിന്തയും തോന്നിയേക്കാം. പക്ഷേ ഇതിൽ അതിശയോക്തിയുടെ തരിമ്പു പോലും ഇല്ലെന്ന് മാന്യ വായനക്കാർ വിശ്വസിക്കേണ്ടിയിരിക്കുന്നു.ഇതിൽ സത്യമല്ലാത്തതും, ഭാവനകലർത്തിയിരിക്കാവുന്നതുമായ ഒരു ഭാഗം വരനും വധുവും ഹണിമൂണിനു പോയ ഭാഗം മാത്രമായിരിക്കുമെന്ന് തോന്നുന്നു. പക്ഷേ ഈ പോസ്റ്റിന് ആ ഭാഗം നൽകുന്ന സൌന്ദര്യം അപാരമാണ്.നല്ല ഒരു ഉപ സംഹാരം.എന്നൽ ശരിയായ കണ്ണൂർ ഇതൊന്നുമല്ല കേട്ടോ. ടീച്ചറിതിൽ കാട്ടിത്തരുന്നത്,കടലിൽ നിന്നെടിത്ത ഒരൊറ്റ ബക്കറ്റ് വെള്ളം മാത്രം!അത്രക്ക് പോക്രിത്തരമാണ് ചിലയിടത്ത് എന്റെ (ടീച്ചറുടെയും) നാട്ടുകാർ കാട്ടിക്കൂട്ടിയിരുന്നത്. ഈ പോസ്റ്റിട്ടിട്ടിപ്പോൾ വർഷമൊന്നു കഴിഞ്ഞല്ലോ.ഇപ്പോൾ ഈ രോഗം ചിക്കുൻ ഗുനിയ പോയതു പോലെ പോയിക്കഴിഞ്ഞു.ചില രാഷ്ട്രീയ കക്ഷികളുടെ യുവ സംഘടനകളും,പ്രാദേശികമായി ഈ റാഗിംഗിനെതിരെ കൂട്ടായ്മയുണ്ടാക്കിയ ചില യുവാക്കളും ചേർന്ന് ഇതിന്റെ കഥ ഒരു വിധത്തിൽ തീർത്തു എന്ന് പറയാം.ചില കമന്റുകളിൽ വായിച്ചു-വിവാഹം കണ്ണൂരിൽ നിന്ന് വേണ്ടെന്ന്.അത്രക്ക് പ്രശ്നമൊന്നും ഇവിടില്ല.വളരെ ചെറിയ പോക്കറ്റുകളിൽ നടക്കുന്ന ഇത്തരം വൃത്തികേടുകൾ മൊത്തത്തിൽ കണ്ണൂരിന്റെ പേരു കളയുന്നുവെന്ന ഗതികേട് ഈ ജില്ലക്കുണ്ടെന്നത് നേര്.എന്നാലും ഇതര ജില്ലകളെ അപേക്ഷിച്ച് ധാരാളം നന്മകൾ ഇവിടത്തുകാർക്കുണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ.
    ഞാൻ കണ്ട ഒന്നു രണ്ട് റാഗിംഗുകൾ ചേർക്കാൻ ടീച്ചറുടെ അനുവാദം ചോദിക്കുന്നു:
    1)താഴെ ചൊവ്വയിൽ വച്ച് വരനും വധുവും ടാറിട്ട റോഡിലൂടെ നടക്കുന്നു.പൊരിവെയിൽ. കുടയുണ്ട് പക്ഷേ ശീലയില്ല കുടയുടെ അസ്ഥികൂടം മാത്രം തുണിക്ക് പകരം കുടക്കമ്പികളിൽ ഭൂട്ടാൻ ഡാറ്റായുടെ കുറെ ടിക്കട്ടുകൾ ഒട്ടിച്ച് ചേർത്തിരിക്കുന്നു.വരൻ ഒരു പക്ഷെ ലോട്ടറിയുമായി ബന്ധമുള്ളയാളായിരിക്കാം.അത്രക്കങ്ങ് സഹിച്ചു.എന്നാൽ റോഡിലൂടെ,തിളക്കുന്ന വെയിലത്ത് നടക്കുന്ന വധൂവരന്മാർക്ക് പാദരക്ഷകൾ കൂടി അനുവദിക്കുന്നില്ലെങ്കിലോ!!!
    2)ഈ പറയാൻ പോകുന്നത് വലിയന്നൂർ എന്ന സ്ഥലത്ത് നടന്നതാണ്:മണിയറയുടെ വാതിൽ സ്ക്രൂ ഊരിയെടുത്ത് കട്ടിളയിൽ നിന്നും മാറ്റി വിറകു പുരയിൽ കൊണ്ട് വച്ചതാണ് മെയിൻ പരാക്രമം.ആദ്യരാത്രിയിൽ വാതിലടക്കാനായില്ല.വധു വരന്റെ അമ്മയോടൊപ്പം കിടന്നു.വരന് പിന്നെ എവിടെ കിടന്നാലും കണക്കു തന്നെ.ഇതിനു പുറമെ വിവാഹപ്പാർട്ടിയെ ഒരു കിലോമീറ്റർ വാദ്യഘോഷാകമ്പടിയോടെ നടത്തിച്ചുവെന്നതും, പടക്കം പൊട്ടിച്ചുവെന്നതും സഹിച്ചിരുന്നു എല്ലാവരും.പക്ഷേ കതകെടുത്തതിന്റെ പേരിൽ ചില പൊല്ലാപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും ക്ലച്ച് പിടിച്ചില്ല.....കാരണം കൊടുത്താൽ കോട്ടയത്തും കിട്ടും എന്നായിരുന്നു പണിയൊപ്പിച്ചവരുടെ മറുപടി!!!
    3)ഒരു പാട് സംഭവങ്ങളുണ്ടെങ്കിലും പറഞ്ഞു തീർക്കാൻ വയ്യ.അതിനാൽ ഇതു കൂടി.ഗുഡ്സ് ഓട്ടോറിക്ഷാ എന്നൊരു സാധനമുണ്ടല്ലൊ.അതിൽ ആടുകളെയും വധൂ വരന്മാരെയും കയറ്റി വളരെ ദൂരം യാത്ര ചെയ്യിച്ചതാണ് മറ്റൊരു സംഭവം.വണ്ടിയിൽ വച്ച കാൽ ഒന്ന് മാറ്റിവയ്ക്കാൻ പോലും പറ്റാത്ത വിധം വണ്ടിയിൽ ചാണകവും ഇട്ടിരുന്നു.
    ഇതിനെല്ലാം അപവാദമായി ഒരു സംഭവവും നടക്കുകയുണ്ടായി.കാട്ടാമ്പള്ളിക്കടുത്തുള്ള ഒരു സ്ഥലത്താണ് സംഭവം.പതിവു പോലെ വരനും പാർട്ടിയും പെണ്ണിനെയും കൂട്ടി മടങ്ങുമ്പോൾ ഒരു കിലോമീറ്റർ അകലെ വച്ച് ഒരു കൂട്ടർ വണ്ടി തടഞ്ഞ് ആൾക്കാരെ ഇറക്കാൻ തുടങ്ങി.എല്ലാവരും എല്ലില്ലാതെ,വില്ലന്മാരെ അനുസരിക്കാൻ തുടങ്ങി.കുറെ പേർ ഇറങ്ങിയപ്പോൾ തമിഴ് സിനിമയിൽ കാണുന്ന ഉണങ്ങിയ നായകന്മാരെപ്പോലൊരു നരന്തു പയ്യൻ ബസ്സിന്റെ(കല്യാണവാഹനം)ജനാലയിലൂടെ ചാടിയിറങ്ങി പറഞ്ഞു:ഒരൊറ്റയൊരുത്തൻ ഇറങ്ങിപ്പോയാൽ കാലു തച്ച് മുറിക്കും ഞാൻ കേറിപ്പോടാ എറങ്ങിയോരെല്ലാം വണ്ടീല്.70 വയസ്സുള്ള തന്തമാർ മുതൽ താഴെ ഇറങ്ങിയ സർവ്വ ക്ണാപ്പന്മാരും ക്ണാപ്പികളും തിരിച്ച് ബസ്സിൽ കയറി.അത്ഭുതമെന്ന് പറയട്ടെ ആ സംഭവത്തിനു ശേഷം ആ ഭാഗത്ത് വിവാഹ റാഗിംഗ് പാടെ അവസാനിക്കുകയാണുണ്ടായത്!!! സത്യത്തിൽ അതൊരു ഭാഗ്യമായിരിക്കാം.ആ പയ്യന്റെ ജീവൻ പോകാൻ അതു കാരണമാകാമായിരുന്ന്.പക്ഷേ ഒന്നുമുണ്ടായില്ല.എല്ലാം ശുഭം.

    ReplyDelete
  39. "Mohamedkutty മുഹമ്മദുകുട്ടി said...

    ഇത്തരം റാഗിങ്ങിനെപ്പറ്റി കേട്ടിട്ടുണ്ട്. ഒരിക്കല്‍ ടീവിയില്‍ കണ്ടിരുന്നു. ഏതായാലും ടീച്ചര്‍ നന്നായി വിവരിച്ചു.എന്റെ മക്കളേല്ലാം കല്യാണം കഴിഞ്ഞതു നന്നായി. ഇനി മിന്നു മോള്‍ വലുതായിട്ടു വേണ്ടെ?.ഇപ്പോള്‍ കോഴിക്കോട്ടും ഇതു വന്നെന്നു കേട്ടിരുന്നു.
    "
    കോഴിക്കോട്ടും തുടങ്ങിയോ?

    കഴിഞ്ഞ ആഴ്ച്ച കര്‍ണ്ണാടകയില്‍ എവിടെയോ കള്ളന്മാരെ ഒന്‍പതു പേരെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തയാ പെട്ടെന്നോര്‍മ്മ വന്നത്‌

    ReplyDelete
  40. കല്യാണ റാഗിംഗ് ഇങ്ങു തെക്ക് തിരുവനന്തപുരത്തും നടക്കാറുണ്ട്. നിരുപദ്രവകരമായ ചില തമാശകള്‍. പക്ഷെ അത് കൂട്ടുകാര്‍ ആയിരിക്കില്ല. അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഒക്കെ ആയിരിക്കും, അതും പലപ്പോഴും കല്യാണത്തിന് മുമ്പ്, അത് മുടക്കാന്‍. അങ്ങനെ മുടങ്ങിയില്ലെന്കില്‍, കല്യാണം കഴിയുമ്പോള്‍ ദമ്പതികളുടെ സ്വൈര്യം നശിപ്പിക്കാനായി. പലപ്പോഴും സുഹൃത്തുക്കളാണ് സഹായത്തിനു എത്തുന്നത്‌.

    പിന്നെ, ടീച്ചര്‍ പറഞ്ഞതരത്തില്‍ പൊതുജന സമക്ഷം വല്ലതും ഇവിടെ സംഭവിക്കില്ല. അങ്ങനെ വല്ലതും ഉണ്ടായാല്‍ ഞങ്ങള്‍ തിരുവനന്തപുരത്ത് കാര്‍ക്ക് പതിവില്ലാത്തതും, എന്നാല്‍ കണ്നൂര്കാര്‍ക്ക് പുത്തരി അല്ലാത്തതുമായ രാഷ്ട്രീയ പകപോക്കല്‍ പോലെയുള്ള സംഭവങ്ങള്‍ക്ക് പലരും സാക്ഷികളും പ്രതികളും ആകും. "തറുതലക്കുത്തരം വേലിപ്പത്തല്‍" എന്നത് പ്രാവര്‍ത്തികമാക്കും. പിന്നെ, ഒന്നായാല്‍ ഒലക്കയ്ക്ക് അടിച്ചു വളര്‍ത്തണം എന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും പലരും മക്കളെ വളര്‍ത്തുന്നത്. അതുകൊണ്ട്, ഭംഗിക്കായി എങ്കിലും അല്പസ്വല്പം കാരണവപ്പേടി ഇപ്പോഴും ഇളംതലമുറക്ക് ഉണ്ട്.

    ടീച്ചര്‍ പറഞ്ഞ പോലെ മദ്യപാനം ഇവിടെയും നടക്കാറുണ്ട്, കാരണവന്മാരും മക്കളും കൂട്ടുകാരും ഒക്കെ ഒരുമിച്ചു തന്നെ മദ്യം കഴിക്കാരുമുണ്ട്. മുതിര്‍ന്നവര്‍ ചീത്ത ശീലം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതരുത്, മറിച്ചു, മദ്യപിക്കുന്ന സമയത്ത് പോലും ആരും നിയന്ത്രണം വിടാതിരിക്കാനും, എല്ലാത്തിനും പരിധി ഉണ്ടെന്നും അവരെ ബോധ്യപ്പെടുത്താനും വേണ്ടിയാണിത്. തന്നോളം എത്തിയാല്‍ തന്നെ പോലെ, എന്നത് പ്രാവര്‍ത്തികമാക്കിയ ആരുടേയും മക്കള്‍ (മക്കള്‍ എന്നത്, മരുമക്കളും, മക്കളുടെ സുഹൃത്തുക്കളും ഒക്കെ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം ആണ് കേട്ടോ)ഒരിക്കലും പരിധി വിട്ടതായി കണ്ടിട്ടില്ല (ഒരു പക്ഷെ അത്രക്കുള്ള ജീവിതാനുഭവം ഉണ്ടായിരിക്കില്ല).

    ടീച്ചറുടെ ഈ ബ്ലോഗ്‌, "നര്‍മ്മം" എന്ന വിഭാഗത്തില്‍ അല്ല വേണ്ടിയിരുന്നത് എന്ന എളിയ അഭിപ്രായം ഉണ്ട്. കാരണം, രചനയില്‍ നര്‍മ്മം ഉണ്ടെങ്കിലും (നല്ല ശൈലി), ഉള്ളടക്കം അങ്ങനെ ആയിരുന്നില്ല.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!